Friday, June 26, 2009

മുത്തലാഖല്ല; സ്ത്രീവിരുദ്ധമായ തലാഖ്നിയമം തന്നെയാണു വില്ലൻ.

മുത്തലാഖല്ല; സ്ത്രീവിരുദ്ധമായ തലാഖ്നിയമം തന്നെയാണു വില്ലൻ.ബീഹാറിലെ വൈശാലിയിൽ തയ്യൽ ജോലിക്കാരനായ അഖ്തർ തന്റെ ഭാര്യ സകീനയുമായി വഴക്കിട്ടപ്പോൾ മദ്യ ലഹരിയിൽ “നിന്റെ മൂന്നു തലാഖും ചൊല്ലി“ എന്നു വിളിച്ചു പറഞ്ഞു. അതു കേട്ട അയൽക്കാർ പ്രദേശത്തെ ശരീഅത്ത് കോടതി അധിപനായ മൌലവിയോടു കാര്യം പറയുകയും , അതു കേട്ട പാടെ മൌലവി ഫത് വ പുറപ്പെടുവിക്കുകയും ചെയ്തു. ഇനി സക്കീനയെ മറ്റൊറാൾ വിവാഹം ചെയ്ത് മൊഴി ചൊല്ലി ഇദ്ദയും കഴിഞ്ഞല്ലാതെ അഖ്തർ അവളോടൊപ്പം കഴിയാൻ പാടില്ല എന്നായിരുന്നു ഫത് വ. അതോടെ മൂന്നു കുട്ടികളും ഭാര്യയും കഴിയുന്ന വീട്ടിൽ പോകാതെ തന്റെ തയ്യൽക്കടയിൽ കഴിയുകയാൺ ദരിദ്രനായ അഖ്തർ. [പത്രവാർത്ത]മുത്തലാഖ് വഴി ബന്ധം വേർപ്പെടുത്തിയവർക്കും ‘ചടങ്ങു കല്യാണം ‘ കൂടാതെ പുനർവിവാഹം ചെയ്യാമെന്ന് ഒരിക്കൽ സുപ്രീം കോടതി വിധിയുണ്ടായിട്ടുണ്ട്. എങ്കിലും അതൊന്നും മുസ്ലിംങ്ങൾക്കു ബാധകമല്ല എന്ന നിലപാടിലാണ് മതപുരോഹിതർ. മുസ്ലിം സമൂഹത്തിൽ ഈ തലാഖ് പ്രശ്നം ഒരു തീരാദുരിതമായും ഒഴിയാബാധയായും തുടരുകയാണ്. ഇവിടെ യഥാർത്ഥ പ്രശനം തലാഖിന്റെ എണ്ണമാണെന്ന വാദം യഥാർത്ഥ വില്ലൻ തലാഖു തന്നെയാണെന്ന കാര്യം മറച്ചു പിടിക്കാനുള്ള സൂത്രമാണ്. യാതൊരു കാരണവും കൂടാതെ, ഒരു രേഖയുമില്ലാതെ ഏകപക്ഷീയമായി ഭാര്യയെ മൊഴി ചൊല്ലി ഉപേക്ഷിക്കാൻ പുരുഷനുള്ള അവകാശമാണ് പ്രശ്നത്തിന്റെ ശരിയായ കാരണം. അല്ലാതെ ത്വലാഖ് ഒരു തവണയോ രണ്ടു തവണയോ മൂന്നുവട്ടമോ എന്നതല്ല. മൊഴി ചൊല്ലിയ ആൾക്കു [പുരുഷന് ] അവളെത്തന്നെ തിരിച്ചു വിളിക്കേണ്ടി വരുന്ന സസ്ന്ദർഭത്തിലാണു തലാഖിന്റെ എണ്ണം ചർച്ചക്കു വരുന്നത്. അല്ലാതെ മൊഴി ചൊല്ലുന്നതിനു മുമ്പോ, പെണ്ണിനു ബന്ധം പുനസ്ഥാപിക്കാൻ ആവശ്യം വരുമ്പോഴോ അല്ല. നിയന്ത്രണമില്ലാതെ വിവാഹബന്ധം ഒഴിയാനുള്ള പുരുഷന്റെ അവകാശം തന്നെയാണിവിടെ വില്ലൻ. അല്ലാതെ മൊഴിയുടെ എണ്ണമല്ല.മൂന്നു വട്ടം മൊഴി ചൊല്ലിയാൽ [അത് ഒരുമിച്ചായാലും മൂന്നു വട്ടമായാലും] പിന്നെ ബന്ധം പുനസ്ഥാപിക്കണമെങ്കിൽ അവളെ വേറൊരാൾ കെട്ടി കാര്യം തീർക്കണമെന്ന കാര്യത്തിൽ സുന്നിയും മുജാഹിദും ജമാ അത്തുമൊക്കെ ഒരേ പക്ഷക്കാരാണ്. മൂന്നുമൊഴിയും ഒപ്പം ചൊല്ലാമോ എന്ന കാര്യത്തിലേ തർക്കമുള്ളൂ. രണ്ടു തലാഖിനു ശേഷം അവളെ മറ്റൊരാൾ കല്യാണം കഴിച്ചെങ്കിലേ തിരികെ കൂട്ടാൻ പാടുള്ളൂ എന്നതു ഖുർ ആൻ നിയമമായതുകൊണ്ടാണിക്കാര്യത്തിൽ ആർക്കും തർക്കമില്ലാത്തത്. ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ആർക്കും അഭിപ്രായമില്ല. പുരുഷൻ അവളെ എത്ര തലാഖ് മുഖേനയാണൊഴിവാക്കേണ്ടത് എന്ന കാര്യത്തിലാണു തർക്കം. ഇവിടെ മുത്തലാഖ് അല്ല ചർച്ച ചെയ്യപ്പെടേണ്ടതും ഭേദഗതി ചെയ്യേണ്ടതും. തലാഖ് നിയമം ഉൾപ്പെടെയുള്ള വിവാഹ നിയമങ്ങൾ പൊതുവിലാണ്. മുസ്ലിം പരിഷ്കരണവാദികൾ പോലും ഇവിടെ തലാഖിന്റെ എണ്ണം പറഞ്ഞു കളിക്കുന്നത് മറ്റേ കാര്യം ഖുർ ആനിൽ തന്നെയുള്ളതായതുകൊണ്ടാണ്. സ്ത്രീകളുടെ സ്വത്തവകാശക്കാര്യത്തിലും ഇതു തന്നെയാണവസ്ഥ. അസ്ഗർ അലി എഞ്ചിനീയറെപ്പോലുള്ള പരിഷ്കരണവാദികൾ പോലും സ്വത്തവകാശത്തിലെ സ്ത്രീ വിവേചനത്തെ കുറിച്ചു മിണ്ടുന്നില്ല. അതു ഖുർ ആനിലുള്ളതാണെന്ന കാരണത്താൽ.ഈ വക കാര്യങ്ങളിൽ ഖുർ ആനിലെന്തു പറയുന്നു എന്നു നോക്കുന്നതിനു പകരം കാലോചിതമായ മാറ്റങ്ങൾ വരുത്താൻ മുൻ കയ്യെടുക്കുകയാണു വേണ്ടത്. നബി തന്നെ ഖുർ ആൻ നിയമങ്ങൾ ലംഘിച്ചുകൊണ്ടു പല കാര്യങ്ങളും ചെയ്തതിനു തെളിവുണ്ട്. ഖലീഫമാരും ഖുർ ആനിനെതിരെ പ്രവർത്തിച്ചിട്ടുണ്ട്. ഈ മുത്തലാഖ് സമ്പ്രദായം തന്നെ ഉമർ നടപ്പിൽ വരുത്തിയതാണ്. സകാത്തിന്റെ വിഹിതം പുതുതായി ദീനിലേക്കു വരുന്നവർക്കു കൊടുക്കേണ്ടതില്ല എന്നും ഉമർ തീരുമാനിച്ചു. അതും ഖുർ ആന്റെ നിർദേശത്തിനെതിരായിരുന്നു. സ്വത്തു വീതം വെക്കുന്ന കാര്യത്തിൽ നബിയും ഖലീഫമാരും ഖുർ ആൻ വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് കാലോചിതമായ മാറ്റങ്ങൾ ശരീ അത്തിൽ വരുത്താവുന്നതാണെന്ന് പറയാൻ ചേകനൂർ മൌലവിയെപ്പോലുള്ള അപൂർവ്വം പരിഷകരണവാദികൾ മാത്രമേ തയ്യാറായിട്ടുള്ളു.ഇന്ത്യയിൽ ഈ മതവ്യക്തി നിയമങ്ങൾ പൂർണ്ണമായും ഒഴിവാക്കി മനുഷ്യത്വപരമായ നിയമങ്ങൾ ഉൾപ്പെടുത്തി ഒരു പൊതു സിവിൽ കോഡ് നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2 comments:

  1. മുത്തലാഖല്ല; സ്ത്രീവിരുദ്ധമായ തലാഖ്നിയമം തന്നെയാണു വില്ലൻ.

    ReplyDelete
  2. മതങ്ങളും വിശ്വസങ്ങളും ആചാരങ്ങളും അനുദിനം ഇങ്ങനെ
    വിമര്‍ശിക്കപ്പെടുംബോള്‍ മാത്രമേ ഭൂമിയിലെ മാനവിക സംസ്ക്കാരത്തിന്
    പുരോഗതിയുണ്ടാകു. ശാന്തിയും,സമാധാനവും സ്നേഹവും പുലരാനായുള്ള,
    സമൂഹത്തെ തേച്ചുകഴുകാനുള്ള ഈ ശ്രമങ്ങള്‍ക്ക് ചിത്രകാരന്റെ ആശംസകള്‍ !!!

    ReplyDelete